Volley-Live | Details

#ഇവാൻ_സെസ്റ്റിവ്

Published on November 28, 2017

#താര_പരിചയം_4 #ഇവാൻ_സെസ്റ്റിവ് #ഇറ്റലി. വോളിബോൾ രക്തത്തിൽ അലിഞ്ഞ റഷ്യൻ വംശജനായ ഇറ്റാലിയൻ പ്ലയെർ. ഇവാൻ സെസ്റ്റിവ്.. വോളി പ്രേമികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത ആധുനിക വോളിയിലെ മികച്ച അറ്റാക്കർമാരിലൊരാൾ. 2004 ൽ സെറ്ററായി ലൂജി ബാച്ചി എന്ന ഇറ്റാലിയൻ ക്ലബ്ബിലൂടെ വോളിബോൾ കരിയറിന് തുടക്കമിട്ട ഇവാൻ വൈകാതെ തന്നെ ഔട്ട് സൈഡ് ഹിറ്ററുടെ റോളിലേക്ക് ചുവടുമാറ്റി. 2012 വരെ ഇറ്റലിയിലെ പ്രശസ്തരായ റോമ വോളിക്കടക്കം മൂന്നോളം ക്ലബ്ബ്കൾക്ക് വേണ്ടി കളിച്ചെങ്കിലും 12ൽ banca macerata എന്ന ക്ലബ്ബിലെത്തിയതോടെയാണ് ഇവാന്റെ രാഷി തെളിഞ്ഞത് ഈ വർഷം തന്നെ ക്ലബ്ബിനു ഇറ്റാലിയൻ സൂപ്പർ കപ്പ് നേടിക്കൊടുക്കാൻ ഇവാന് സാധിച്ചു. സൂപ്പർകപ്പിലെ മിന്നും പ്രകടനം 2012, ഒളിമ്പിക്സിലും പുറത്തെടുത്ത ഇവാൻ ഇറ്റലിക്ക് വേണ്ടി മൂന്നാമത് വെങ്കല മെഡൽ സ്വന്തമാക്കി. 2013ലും ഇറ്റാലിയൻ ടീമിനൊപ്പം മികച്ച നേട്ടങ്ങൾ കൊയ്ത ഇവാൻ യൂറോപ്യൻ ചാന്പ്യൻഷിപ്പിലും വെങ്കലമെഡൽ നേടി. 2014ൽ ടീമിന്റെ അമരക്കാരനായി നിയോഗിക്കപ്പെട്ട ഇവാന് വേൾഡ് ചാംപ്യൻഷിപ്പിനിടെ അമേരിക്കയുമായി നടന്ന ആദ്യ റൌണ്ട് മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റു പുറത്തു പോയി, നായകനില്ലാതെ തളർന്ന ഇറ്റലിക്ക് ആദ്യ റൌണ്ട് പോലും കടക്കാനായില്ല. ഒളിമ്പിക്സ് വോളിമെഡൽ ജേതാവ് കൂടിയായ ഒരു പ്രോഫഷണൽ താരത്തിന്റെ മകനായി ഇറ്റാലിയിൽ ജനിച്ച ഇവാൻ സെസ്റ്റിവ് ഏറ്റവും കൂടുതൽ കളിക്കാൻ ഇഷ്ടപ്പെടുന്നത് താൻ കരിയർ ആരംഭിച്ച സെറ്റർ പൊസിഷനിലാണ് കൂടാതെ ലിബറോയുടെ റോളിലും. ലോക വോളിയിലെ സ്റ്റൈലിഷ് സ്റ്റാർ ആണ് ഇവാൻ സെസ്റ്റിവ് ഇൻസ്റ്റാഗ്രാമിൽ ഈ ഗ്ലാമർ താരത്തെ ഫോള്ളോ ചെയ്യുന്നത് മൂന്നര ലക്ഷത്തിലധികം ആരാധകരാണ്. പെടുന്നനെയുള്ള കനത്ത ആക്രമണങ്ങളും കരുത്തുറ്റ ജമ്പിങ് സർവീസുകളുമാണ് മുടി അഴക് കൊണ്ട് ആരാധകരെ കയ്യിലെടുത്ത ഈ സൂപ്പർ താരത്തിന്റെ പ്ലസ് പോയിന്റ്. 355 Cm സ്പൈക് റീച്ചുള്ള ഇവാൻ സെസ്റ്റീവിന്റെ ജമ്പിങ് സർവീസുകളുടെ ശരാശരി വേഗത 120 km/Hr ആണ്. (ഒരു ശരാശരി ഇന്ത്യൻ ഫാസ്റ്റ് ബൗളേഴ്‌സിന്റെ വേഗതയുടെ അടുത്ത്, 130-145,ആണ് ശരാശരി ഇന്ത്യൻ ബൗളേഴ്‌സിന്റെ പന്തിന്റെ വേഗം ). ഒളിമ്പിക്സിൽ ഏറ്റവും വേഗത കൂടിയ ജമ്പിങ് സർവീസിന്റെ റെക്കോർഡ് ഇവാന്റെ പേരിലാണ്, രണ്ടു തവണ ഇതേ വേഗത ഇവാൻ കൈവരിച്ചിട്ടുണ്ട്. റിയോ ഒളിമ്പിക്സ് ക്വർട്ടർ ഫൈനൽ മത്സരത്തിൽ ഇറാന് എതിരേയായിരുന്നു വെടിയുണ്ട കണക്കെ 120 km ൽ ചീറിപ്പാഞ്ഞ ആ റെക്കോർഡ് വേഗം ഇവാൻ തൊടുത്തത്. ആ കളിയിൽ മാത്രം പതിനഞ്ചോളം മറുപടിയില്ലാത്ത സർവ്‌സികളുതിർത്തു ഈ സൂപ്പർ താരം. 2016 റിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്തിയ ഇവാൻ സെമി ഫൈനലിൽ അമേരിക്കക്ക് എതിരേയായിരുന്നു കൂടുതൽ ആക്രമണകാരിയായതു. അഞ്ചു തിരിച്ചുവരവില്ലാത്ത സർവുകളും 16 സ്പൈക്കുകളുമടക്കം 21 പോയിന്റുകളാണ് 3-2 നു ഇറ്റലി ജയിച്ച മത്സരത്തിൽ ഇവാൻ ടീമിന് നേടിക്കൊടുത്തത്, ഈ പ്രകടനം 12 വർഷത്തിന് ശേഷം ഇറ്റലിയെ ഒളിമ്പിക്സിന്റെ ഫൈനലിലെത്തിച്ചു. മൂന്നു വീതം വെള്ളിയും വെങ്കലവും ഒളിമ്പിക്സ് വേദിയിൽ നിന്ന് സ്വന്തമാക്കിയ ഇറ്റലിക്ക് ആദ്യ വോളി സ്വർണം നേടിക്കൊടുക്കാൻ പക്ഷേ ഇവാനു സാധിച്ചില്ല. ഫൈനലിൽ 17 പോയിന്റുകൾ ഒറ്റക്ക് നേടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സ്വന്തം കാണികളുടെ മുന്നിൽ വെച്ച് സൂപ്പർ കളി പുറത്തെടുത്ത ബ്രസീലിനു മുന്നിൽ ഇവാനും കൂട്ടർക്കും പിടിച്ചു നിൽക്കാനായില്ല, നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇറ്റലിയുടെ ഫൈനൽ പരാജയം. സയീദ് തച്ചംപൊയിൽ.