Volley-Live | Details

തൃപ്രയാർ ഓൾ ഇന്ത്യ വോളി ഫൈനൽ അവസാന ചിരി ആർക്കൊപ്പം ?.

Published on January 10, 2018

ഒരുപാട് നാളുകൾക്ക് ശേഷം ശ്വാസമടക്കിപ്പിടിച്ചു കണ്ട ഒരു വോളിബോൾ മത്സരം,തൃപ്രയാർ ഓൾ ഇന്ത്യ വോളിയിലെ കലാശപ്പോരാട്ടത്തെ ഇതിലധികം എങ്ങനെ വിശേഷിപ്പിക്കാം എന്നറിയില്ല.താങ്ക്സ് ഇന്ത്യൻ ആർമി ,കൊച്ചിൻ കസ്‌റ്റംസ് ഇത്ര മനോഹരമായൊരു മത്സരം വോളി പ്രേമികൾക്ക് സമ്മാനിച്ചതിന്. നിറഞ്ഞു കവിഞ്ഞ തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ ആദ്യ സെർവ് എടുത്തത് ഈ ടൂർണമെന്റിലെ മികച്ച സ്റ്റെർക്കുള്ള പുരസ്കാരം സ്വന്തമാക്കിയ ഇന്ത്യൻ ആർമിയുടെ വിജയ ശില്പിയും അവരുടെ പ്ലേയ്മേക്കറും ആയ ലാൽ സുജൻ,നെറ്റിൽ പതിച്ച ആദ്യ സെർവിൽ നിന്ന് കൊച്ചിൻ കസ്‌റ്റോംസ് അവരുടെ സ്കോർ ബോർഡ് തുറന്നു ,തുടന്നിങ്ങോട്ട് രണ്ടു മണിക്കൂറിനു ശേഷം ഇന്ത്യൻ ആർമി കിരീടത്തിൽ മുത്തമിടുന്നത് വരെ വിജയികളെ നിർണ്ണയിക്കാൻ കഴിയാതെ ഓരോ പോയന്റും മാറി മറിഞ്ഞ വോളിബോളിന്റെ എല്ലാ സൗന്ദര്യങ്ങളും ഒത്തിണങ്ങിയ ഫൈനൽ പോരാട്ടം. ആക്രമണങ്ങളും പ്രത്യാക്രമണവും ,പ്രതിരോധവും കിടയറ്റ ജമ്പിങ് സെർവുകളും ,കണ്ണഞ്ചിപ്പിക്കുന്ന ഡ്രോപ്പുകളുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയപ്പോൾ അലകടൽ കണക്കെ ആർത്തിരമ്പിയ ആയിരക്കണക്കിന് വോളി ആരാധകർക്ക് ഓർമയിൽ സൂക്ഷിക്കാനുള്ള ഒരു പോരാട്ടം കൂടിയായി ഇന്നത്തെ ഫൈനൽ പോരാട്ടം.ഇന്നലെ നടന്ന സെമിയിൽ അവസാന സെറ്റിൽ ഹൈദരാബാദിനെ തറപറ്റിച്ചപ്പോൾ തന്നെ ഇന്ത്യൻ ആർമി ഈ കിരീടം സ്വപ്നം കണ്ടിരുന്നു എങ്കിലും ഇന്ത്യൻ ഇന്റർനാഷണൽ രതീഷും,നജീബ് ഹസനും,ജയലാലും ,അബ്ദുൽ റഹീമും ,ഫഹദും ലിബറോ രതീഷ് മൂലാടുമൊക്കെ അടങ്ങിയ കസ്റ്റംസ് നിര ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആദ്യ പോയന്റ് മുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു പോയിരുന്നത് ഇരു ടീമിലെയും പ്ലായ്മെക്കർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ മത്സരം ആവേശകരമായി ആദ്യ സെറ്റിൽ ഇരുപത്തിരണ്ടു പോയറ്റുകൾ വരെ ഇരു ടീമുകൾക്കും വ്യക്തമായ ആധിപത്യമുണ്ടായിരുന്നില്ല 22ആം പോയന്റ് ആദ്യം ആർമിയുടെ സ്കോർ ബോർഡിലാണ് തെളിഞ്ഞത് പിന്നീട് കനത്ത ആക്രമണവുമായി ഇടങ്കയ്യൻ നവീൻ ഷെറോൺ ഇരുപത്തി നാലാമത്തെ പോയന്റ് ആർമിക്ക് നേടിക്കൊടുത്തപ്പോൾ ഇരുപത്തി അഞ്ചാമത്തെ പോയന്റും ആദ്യ സെറ്റും പങ്കജ് ശർമയുടെ ഒരു ബാക് കോർട്ട് ഡ്രോപ്പിൽ നിന്നായിരുന്നു. തുല്യതയിൽ തുടങ്ങിയ രണ്ടാം സെറ്റിൽ മലയാളിക്കരുത്തിൽ ആദ്യ സെറ്റ് നേടിയ ആർമിക്കെതിരെ 7 പോയന്റ് മുതൽ ലീഡ് പിടിക്കാൻ കസ്‌റ്റംസിനായി മത്സരത്തിലുടനീളം മികച്ച പ്രകടനവുമായി ലിബറോ രതീഷ് കളം നിറഞ്ഞു കളിച്ചതു കസ്റ്റംസിന് തുണയായി അതിഥി താരമായി കളിക്കാൻ എത്തിയ പോലീസ് താരം രതീഷും നല്ല ഫോമിലായിരുന്നു രണ്ടു മൂന്നു പോയന്റുകളുടെ ലീഡിൽ രണ്ടാം സെറ്റ് കസ്‌റ്റോംസിനോടൊപ്പം നീങ്ങി. തുടർച്ചയായി പങ്കജ് ശർമയേയും നവീനെയും തടുത്തിട്ട് ഫഹദ് കസ്റ്റംസിന് 21-17 എന്ന നിര്ണായക ലീഡ് നൽകി.ഒരു കനത്ത ഷോർട് ബോള് അറ്റാക്കിലൂടെ ഒരു പോയന്റ് കൂടി ഫഹദ് കസ്റ്റംസിന് സമ്മാനിച്ചു ,ശേഷം നാല് പോയന്റുകൾ ആർമി നേടിയപ്പോയേക്കും കസ്റ്റംസ് സെറ്റ് പോയന്റിൽ ലാൻഡ് ചെയ്തിരുന്നു. ഓരോ സെറ്റുകൾ പങ്കിട്ടു ഇരു ടീമുകളും മൂന്നാം സെറ്റിനിറങ്ങി,രതീഷും ഫഹദും ജയലാലുമൊക്കെ മികച്ച ഒത്തിണക്കത്തോടെ കളിച്ചപ്പോൾ എതിർ കോർട്ടിൽ പട്ടാളക്കാരും മലയാളി താരങ്ങളുടെ കരുത്തിലാണ് കളം നിറഞ്ഞതു ,പയ്യന്നൂർക്കാരൻ ലാൽ സുജൻ കളി മെനഞ്ഞപ്പോൾ,കളം അടക്കി വാണ നായകൻ ജിത്തു തോമസ് സാബിത് നല്ലളം തുടങ്ങി ആറ് പേര് മലയാളികളായി പട്ടാള ടീമിൽ ഉണ്ടായിരുന്നു.20 പോയന്റുകൾ വരെ ഓപ്പത്തിനൊപ്പം വന്ന കസ്റ്റംസിനെ അവസാന ലാപ്പിൽ ആർമി മറികടന്നു 23ന് എതിരെ 25 പോയന്റുകൾ നേടിയായിരുന്നു വിജയം. ഒരു സെറ്റിന്റെ ലീഡ് നേടിയ ആർമി കളിയിൽ മാനസിക മുൻ‌തൂക്കം നേടി നാലാം സെറ്റിലും 17 -15 എന്ന സ്‌കോറിൽ ആർമി മുന്നിൽ നിന്നു എന്നാൽ മികച്ച പ്രകടനം നടത്തിയ രതീഷിന്റെ കഴിവിൽ 20-20ൽ കസ്റ്റംസ് ഒപ്പമെത്തി,വീണ്ടും ലീഡുയർത്തിയ ആർമിയെ തുടർച്ചയായ ബ്ലോക്കുകളിലൂടെ കസ്റ്റംസ് വരിഞ്ഞു മുറുക്കി നിർണ്ണായക പോയന്റുകൾ കസ്റ്റംസിന് നേടിക്കൊടുത്തത് ബ്ലോക്കർമാരായിരുന്നു.ആർമിക്ക് 23 പോയന്റുകൾ നേടാനേ കഴിഞ്ഞുള്ളു. നിർണ്ണായകമായ അഞ്ചാം സെറ്റ് ആർമിയുടെ വിജയത്തിന് വേണ്ടി ആർപ്പു വിളിക്കുന്ന ഗ്യാലറി പക്ഷേ ആദ്യ ലീഡുകൾ കസ്റ്റംസ് കൊണ്ട് പോയി 8-6 എന്ന നിലയിലാണ് കോർട്ട് മാറിയത് ,തുടർന്നങ്ങോട്ടായിരുന്നു ആർമിയുടെ യഥാർത്ഥ കളിക്ക് സ്റ്റേഡിയം സാക്ഷിയായത് ,രതീഷിനെ പ്രതിരോധിച്ചു സ്കോർ 8-8 എന്ന നിലയിലേക്ക് ഉയർത്തിയ ആർമി നവീൻ ഷെറോണിന്റെ കനത്ത ഷോട്ടിലൂടെ പോയറ്റുകൾ ഉയർത്തി 10-8 ൽ എത്തിച്ചു പിന്നീട് എല്ലാം പെട്ടെന്നായിരുന്നു രണ്ടു പോയന്റ് ലീഡിൽ ആർമി വന്നപ്പോൾ മാനസികമായി കസ്റ്റംസ് തകർന്നു,നല്ലൊരു ബോൾ രതീഷ് നെട്ടിലടിക്കുന്നതും കാണാമായിരുന്നു,രതീഷ് തന്നെ രണ്ടു പോയന്റുകൾ കസ്റ്റംസിന് നേടിക്കൊടുത്തപ്പോൾ നവീനും പങ്കജ് ശർമയും ഓരോ പോയന്റുകൾ പട്ടാളക്കാർക്ക് സമ്മാനിച്ചു.കരുത്തുറ്റ പ്രതിരോധമൊരുക്കി 14 എത്തിയ ആർമിക്ക് വേണ്ടി വിജയ പോയന്റ് സമ്മാനിച്ചത് ഫെഡറേഷൻ കപ്പിൽ കേരളത്തിന്റെ വിജയ മോഹങ്ങൾ തച്ചുടച്ച നവീൻ ഷെറോൺ ആയിരുന്നു..ഇന്നത്തെ കളിയിലെ മികച്ച താരവും ഈ ഇടങ്കയ്യൻ ആക്രമണകാരി തന്നെയായിരുന്നു. സീസണിലെ ആദ്യ ഓൾ ഇന്ത്യ കിരീടം ഒരു സൂപ്പർ ഡ്യൂപ്പർ പോരാട്ടത്തിലൂടെ സ്വന്തമാക്കിയ ഇന്ത്യൻ ആർമിക്ക് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. മികച്ചൊരു ഓൾ ഇന്ത്യ വോളിബോൾ സംഘടിപ്പിക്കുകയും അത് ഓൺലൈൻ വഴി വോളി പ്രേമികളിലേക്ക് എത്തിക്കാൻ വേണ്ട സഹകരണങ്ങൾ ചെയ്യുകയും ചെയ്ത TSGA ഭാരവാഹികൾക്ക് വോളി ലൈവ് ന്റെ ഹൃദയം നിറഞ്ഞ നന്ദി. സയീദ് മുഹമ്മദ് _വോളി ലൈവ് .