Volley-Live | Player

Rekha s

Date of Birth :

2000-11-10

Rank :

1

Weight :

50

Department :

Height :

50

Game Played :

Indian Inter National

Position :

Counter Attacker

Jump Reach:

3-10

 

കളരിയഭ്യാസിയുടെ മെയ് വഴക്കവും ഊർജ്വസ്വലതയുടെ തിളക്കവും കാരിരിമ്പിന്റെ കരുത്തുമായൊരു രാജകുമാരി ..... ഞങ്ങൾ വോളി ലൈവിലൂടെ പരിചയപ്പെടുത്തുന്നു ഒരു തുമ്പിയേ പോലെ കോർട്ടിലും കാണികളിലും ആവേശം നിറച്ചു കൊണ്ടൊരു കൊച്ചു സുന്ദരി ......... രേഖ എസ്....... കരുത്തരായ KSEB യുടെ അതിലേറെ കരുത്തയായ ക്യാപ്റ്റൻ. ടീമിന്റെ തുടർച്ചയായ വിജയങ്ങളിലെ സൂത്രധാര. ടീമിനേയും സഹകളിക്കാരേയും ഒരു പോലെ മികച്ച നിലവാരത്തിലെത്തിക്കാൻ കഴിവുള്ളതാരം. തുടർച്ചയായി അഞ്ചു വർഷം കേരളത്തിനു വേണ്ടിയും നാലു വർഷമായി ഇന്ത്യക്കു വേണ്ടിയും ജഴ്സിയണിയുന്ന താരം. കോഴിക്കോടുകാരുടെ സ്വകാര്യ അഹങ്കാരം.... നടുവണ്ണൂരിലെ റിട്ടയേഡ് ഹവീൽദാർ ഹരിദാസിന്റെയും സുഭാഷിണിയുടേയും മകൾ ഏക സഹോദരൻ സുബിൻ ദാസ്. പത്താം ക്ലാസ്സുവരെ നടുവണ്ണൂർ സ്കൂളിൽ കരുത്തക്കേടും കുസൃതിയും കാട്ടി നടന്ന കൊച്ചു പെണ്ണ്. ജില്ലാതലം വരെ ഷോർട്ട് പുട്ട് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടി. ഷോർട്ട്പുട്ട് എറിയുന്ന കൈയ്യുടെ കരുത്തു കണ്ടിട്ടാവണം നാട്ടിൽ വോളിബോൾ ക്യാമ്പ് നടത്തി കൊണ്ടിരുന്ന ശ്രീധരൻ മാഷും അച്ചുതൻ മാഷും ബാലകൃഷ്ണൻ മാഷും കൂടി രേഖയെ അവരുടെ ക്യാമ്പിലേക്ക് വിളിച്ചു വരുത്തിയത്. രാവിലെ ഭക്ഷണവും ജഴ്സിയും മറ്റും ഉൾപ്പെടെ സൗജന്യമായി വോളിബോളിന്റെ ഉന്നമനത്തിനായി നടത്തുന്ന ഒരു ക്യാമ്പയിരുന്നു അത്. തുടർച്ചയായി ഒരു വർഷം അവരിലൂടെ നടത്തിയ പ്രാക്ടീസായിരുന്നു രേഖയെ ഒരു വോളിബോൾ കളിക്കാരിയാക്കി തീർക്കുന്നതിനുള്ള അടിസ്ഥാനമിട്ടത്. അവിടുന്നു പകർന്നു കിട്ടിയ അനുഭവസമ്പത്തുമായി ഗവ: സ്പോർട്സ് കൗൺസിലിന്റെ വോളിബോൾ ട്രയൽസിൽ പങ്കെടുക്കുകയും പത്തനംതിട്ടയിലെ മല്ലപ്പള്ളി ഹയർ സെക്കന്ററി സ്കൂളിൽ +1 നു ചേരുകയും ചെയ്തു. ഗവർമെന്റ് ഹോസ്റ്റലിൽ സ്പോർട്ട്സ് ക്വാട്ടയിൽ പരിശീലനം ലക്ഷ്യം വച്ചായിരുന്നു അങ്ങോട്ടുള്ള യാത്ര. ഒരു പക്ഷേ രേഖയുടെ ഭാഗ്യം കൊണ്ടായിരിക്കും അടിസ്ഥാന സൗകര്യങ്ങളോ നിലവാരമുള്ള കോർട്ടോ നല്ല കോച്ചർമാരോ ഇല്ലാതെ ഹോസ്റ്റൽ ആകൊല്ലം തന്നെ അടച്ചു പൂട്ടി നമ്മുടെ സ്പോർട്സ് ഡിപ്പാര്ട്ട്മെൻറ് മാതൃകയായി. തുടർന്ന് ഒരു വർഷത്തെ പഠനവും പാതിയിലുപേക്ഷിച്ച് വീണ്ടും ജനിച്ചു വളർന്ന കോഴിക്കോടിന്റെ മണ്ണിലേക്ക് തിരിച്ചു വന്നു. സംഭവബഹുമായ യാത്ര അവസാനിച്ചത് കക്കട്ടിൽ എന്ന സ്ഥലത്ത് +1 നു വീണ്ടു ചേർന്നാണ് അവിടെ വോളിബോളിനു വളരാൻ പറ്റിയ മണ്ണായിരുന്നു അതിലൂടെ രേഖ എന്ന വോളിബോൾ പ്ലയറിനും. എല്ലാവിധ സൗകര്യങ്ങളും ഒരുക്കി വോളിബോളിനൊപ്പം മറ്റു കായിക വിഭാഗങ്ങളേയും കൈ പിടിച്ചുയർത്താൻ വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിനായി. മികച്ച പരിശീലകരായ പ്രദീപ് സാറും തോമസ് മാഷുമാണ് അന്നത്തെ കക്കട്ട് അക്കാദമിയിലെ വോളി പരിശീലകർ. പ്രദീപ് സാറിന്റെ പ്രോത്സാഹനവും പിന്തുണയും രേഖയുടെ വോളി കരിയർ ഗ്രാഫിന്റെ ഉയർച്ചയുടെ കാരണം. ആ വർഷം കോഴിക്കോട് ജില്ലക്കു വേണ്ടി വയനാട് ജില്ലയിലെ കൽപറ്റയിൽ വച്ച് നടന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിനായി കളിച്ചു. ആ വർഷത്തെ രണ്ടാം സ്ഥാനക്കാരായി വെള്ളി മെഡൽ വാങ്ങാനായി എന്നതാണ് ആദ്യത്തെ മധുരസ്മരണ. അന്നു മുതൽ തുടങ്ങിയ അറ്റാക്കർ പൊസിഷനിലെ മിന്നും പ്രകടനം ഇന്നും തുടരുന്നു. ജില്ലാ ലെവൽ മത്സരങ്ങളിൽ നിന്നും ഉയർന്നു വരുവാൻ ഈയൊരു ടൂർണമെൻറു കൊണ്ടായി. അടുത്ത സിലക്ഷൻ കിട്ടിയത് അണ്ടർ 19 ന് കേരളത്തിനായി കർണ്ണാടകയിൽ വച്ച് നടന്ന ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലായിരുന്നു. നിർഭാഗ്യവശാൽ അന്ന് കർണ്ണാടകയോട് തോറ്റ് ഫൈനലിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യത്തെ രണ്ടു ടൂർണമെന്റിലും ഫൈനൽ വരെ കളിച്ച താരം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. +2 വിനു പഠിക്കുമ്പോൾ തന്നെ വിവിധ കോളേജുകൾക്കു വേണ്ടി ഗസ്റ്റ് കളിക്കാൻ വിളിച്ചുതുടങ്ങിയത് താരത്തിന്റെ ഉയർച്ചക്ക് കാരണമായി . അറ്റാക്കർ എന്ന രീതിയിലുള്ള കളി മെച്ചപ്പെട്ടു വരുന്നതിനു ഗസ്റ്റ് കളി കൊണ്ടായി. അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി ഇന്ത്യൻ വോളിബോളിനു ധാരാളം വോളിബോൾ പ്ലയേഴ്സിനെ സംഭാവന ചെയ്ത സ്ഥലമാണ്. അവിടുന്ന വളർച്ച പലരേയും ഇന്ത്യൻ ക്യാപ്റ്റൻ പദവി വരെ എത്തിയിട്ടുണ്ട്. അത്രയും കളിക്കാരെ പരിശീലനം കൊടുത്ത് മികച്ച വോളിബോൾ പ്ലയേഴ്സാക്കി എടുത്ത ചങ്ങനാശ്ശേരിയിലായിരുന്നു രേഖയുടെ ഡിഗ്രി വിദ്യഭ്യാസം. അവിടുത്തെ കോച്ച് ഹരിലാൽ മാഷാണ് അറ്റാക്കിനേക്കാൾ വില ഫസ്റ്റ് പാസിനാണെന്ന് മനസ്സിലാക്കിപ്പിക്കുന്നതും കഠിന പരിശീലത്തിലൂടെ അതു സായത്തമാക്കിയും. രാവിലെ 6 മണി തൊട്ടു തുടങ്ങുന്ന പരിശീലനം 9 മണി വരേയും 3 മണിയോടു വീണ്ടും തുടങ്ങി 6 മണി വരെയും എല്ലാ ദിവസവും തുടർന്നു. ഫസ്റ്റ് പാസ് പിടിക്കുക എന്നതായിരുന്നു ഏറ്റവും ശ്രമകരമായ ജോലി. ഏതാണ്ട് ഒരു വർഷമെടുത്തു അതിൽ വിജയം കാണാൻ . വളർന്നു വരുന്ന തലമുറക്ക് മാതൃകയാക്കാൻ പറ്റിയ ഒരു പരിശീലന മുറയാണ് രേഖയുടെത്. ആ വർഷമാണ് 2012ൽ യൂത്ത് നാഷണൽ കളിച്ചത് . കേരളത്തെ പ്രതിനിധീകരിച്ച് കളിച്ച രേഖ ഉൾപ്പെടുന്ന ടീമിനു അന്ന് ഫസ്റ്റ് ലഭിച്ചു. റോഷ്‌ന, അഞ്ജു മോൾ, നീതു മോൾ, ' അഖില, രുക്സാന, അഞ്ജു ബാലകൃഷ്ണൻ, രേഷ്മ എന്നിവരായിരുന്നു സഹകളിക്കാർ.. തുടർന്ന് മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിക്കു വേണ്ടി വിജയവാഡയിൽ വച്ച് നടന്ന ടൂർണമെൻറിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഭാരതീയർ യൂണിവേഴ്സിറ്റിയോടാണ് അന്നു പരാജയപ്പെട്ടത്. 2013 ലെ രേഖയുടെ പ്രധാന ടൂർണമെന്റുകൾ ഫെഡറേഷൻ കപ്പ് പത്തനംതിട്ടയിൽ വച്ച് നടന്നതിൽ ഫസ്റ്റ് നേടി ബെസ്റ്റ് അറ്റാക്കർ എന്ന സ്ഥാനവും കരസ്ഥമാക്കി . തുടർന്ന് ഇന്ത്യൻ ക്യാമ്പിൽ പങ്കെടുത്തു. ആ വർഷം ഇന്ത്യക്കു വേണ്ടി കളിച്ചു. തായ്ലാൻറിൽ വച്ച് നടന്ന വേൾഡ് സീനിയർ വുമൺ ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ ഉസ്ബക്കിസ്ഥാനെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പിന്റെ അടുത്ത ക്വാളിഫൈയിംഗിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി . തുടർന്ന് നടന്ന മത്സരത്തിൽ ചൈനയിൽ വച്ച് അവരോടു കളിച്ചു തോറ്റു ക്വാളിഫൈയിംഗ് റൗണ്ടിൽ നിന്നും പുറത്തായി. വീണ്ടും ഇന്ത്യൻ ടീമിൽ ഏഷ്യൻ വുമൺസ് ചാമ്പ്യൻഷിപ്പിൽ തായ്ലൻറ്, ചൈന, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ടീമുകളോട് കളിച്ചു. ലീഗ് റൗണ്ടിലേ പുറത്തായി. 2013 ലെ ഓളിന്ത്യാ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് SRM യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന ടൂർണമെന്റിൽ ഫൈനലിൽ പക്ഷേ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്താനായില്ല. ആ വർഷം തന്നെ മൊറാദാബാദിൽ വച്ച് നടന്ന സീനിയർനാഷണലിൽ ഫൈനലിൽ റെയിൽവേയോടു തോറ്റു. 2014 ലു തൊട്ട് നടന്ന എല്ലാ സീനിയർനാഷണലിലും ഫെഡറേഷൻ കപ്പിലും രേഖ ഉൾപ്പെടുന്ന ടീം പങ്കെടുത്തു. എല്ലാ മത്സരത്തിലും ഫൈനലിൽ എത്തിയ കേരളാ ടീം 2015ലെ ഫെഡറേഷൻ കപ്പിലൊഴികെ ബാക്കി എല്ലാ മത്സരത്തിലും രണ്ടാം സ്ഥാനക്കാരായി . 2015ൽ ചെന്നൈയിൽ വച്ചു നടന്ന കളിയിൽ മാത്രം റെയിൽവേ സിനെ പരാജയപ്പെടുത്താനായിട്ടുള്ളൂ . തിരുവനന്തപുരത്തു വച്ചു നടന്ന കോളേജ് ഗെയിംസിൽ അസംപ്ഷൻ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രേഖ മികച്ച കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ മത്സര വിജയം താരത്തെ KSEB യിലെ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലെത്തിച്ചു. തുടർന്ന് KSEB ടീമിന്റെ താരവും ഇപ്പോൾ ക്യാപ്റ്റനുമായി. കുടാതെ ഇപ്പോൾ KSEB യിൽ സീനിയർ അസിസ്റ്റന്റുമാണ്. ഇന്ത്യക്കു വേണ്ടി നിരവധി മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ താരം സീനിയർ വോളി വുമൺസ് ചാമ്പ്യൻഷിപ്പിൽ ചൈനയിൽ വച്ചു നടന്ന ടൂർണമെന്റിൽ ക്വാർട്ടർ വരെ ഇന്ത്യൻ ടീമിനെ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. തായ്ലൻറ്, ചൈന, ഫിലിപ്പെൻസ്, ജപ്പാൻ, കൊറിയ എന്നീ ടീമുകളായിരുന്നു ഇന്ത്യ ഉൾപ്പെടുന്ന പൂളിൽ ഉണ്ടായിരുന്നത്. കരിയറിലെ പ്രധാനപ്പെട്ട ഒരു നേട്ടം കഴിഞ്ഞ വർഷം 2016ലെ സാഫ് ഗെയിംസ് ആയിരുന്നു. പാക്കിസ്ഥാൻ നേപ്പാൾ ശ്രീലങ്ക ബംഗ്ലാദേശ് എന്നീ രാജ്യത്തെ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്തു ഇന്ത്യൻ ടീം ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും കൈക്കലാക്കി. രാജ്യത്തിനു വേണ്ടി നേടിയ സ്വർണ്ണം അത് രേഖയുടെ ജീവിതത്തിലെ ഏറ്റവും അസുലഭ മുഹൂർത്തമായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ചു കളിക്കുന്ന വനിതാ വോളി ടീമിനു ഒട്ടുമിക്ക ടൂർണമെൻറുകളിലും ഫൈനലിൽ റെയിൽവേയോടു കാലിടറി പോകുന്നത് പതിവാണ്. അതിനൊരു മാറ്റം ഈ വർഷം മുതൽ ഉണ്ടാകമെന്ന് രേഖ ഉറച്ചു വിശ്വസിക്കുന്നു. കൂടെ വോളി ലൈവും, രേഖയുടെ വളർച്ചക്കു പിന്നിൽ സ്വന്തം വീട്ടുകാരുടേയും നാട്ടുകാരുടേയും വിവിധ രാഷ്ട്രീയ പാർട്ടികളുടേയും അകമഴിഞ്ഞ പിന്തുണ ലഭ്യമായിട്ടുണ്ട്. താരത്തിന് തുടക്കത്തിൽ ഏറ്റവുമധികം പിന്തുണ നൽകിയത് തോമസ് സാറും അനിൽ സാറുമായിരുന്നു. കളിയോടുള്ള അർപ്പണബോധവും ആത്മാർത്ഥതയും സഹകളിക്കാരോടുള്ള സ്നേഹ പൂർണ്ണമായ പെരുമാറ്റവുമെല്ലാം രേഖയുടെ ഉയർച്ചക്ക് കാരണമായിട്ടുണ്ട് . KSEB ടീമിലെ എല്ലാ കളിക്കാരേയും സ്വന്തം ചിറകിനടിയിൽ സംരക്ഷിച്ചു ചിട്ടയായ പരിശീലനത്തിലൂടെ മികച്ച കളി പുറത്തെടുകാൻ എല്ലാ സഹായവും നൽകുന്ന അവരുടെ വനിതാ കോച്ച് പ്രജിഷയുടെ പൂർണ്ണ പിന്തുണ KSEB ടീമിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി മാറ്റുന്നു. കൂടാതെ സീനിയർ കോച്ച് സണ്ണി സാറിന്റെ കർക്കശവും വിട്ടുവീഴ്ചയില്ലാത്ത പരിശീലനനവും കൂടിയാകുമ്പോൾ രേഖ എന്ന അറ്റാക്കർ തന്റെ വളർച്ചയുടെ പൂർണ്ണതയിലെത്തുന്നു. തന്റെ ടീമിലെ സഹകളിക്കാരിയും ഇന്ത്യൻ ടീമിലെ ബ്ലോക്കറുമായ അഞ്ജു ബാലകൃഷ്ണന്റെ കാഴ്ചപ്പാടിൽ ഇന്ത്യൻ ടീമിലെ ഏറ്റവും പവർഫുൾ അറ്റാക്കർ രേഖയാണ്. കൂടാതെ ജംപിങ്ങ് സർവ്വീസിലെ കൃത്യതയും വളരെ മികച്ചതാണെന്ന് അഞ്ജു സാക്ഷ്യപ്പെടുത്തുന്നു. ടീമിലെ സഹകളിക്കാരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന രേഖയെ ടീം ഒന്നടങ്കം ഇഷ്ടപ്പെടുന്നു. വളർന്നു വരുന്ന പുത്തൻ തലമുറ കണ്ടു പഠിക്കേണ്ട ഒരു മാതൃകാ താരമാണ് രേഖ. ഇന്ത്യൻ വനിതാ വോളിബോൾ ടീം പ്ലയർ എന്നതിലുപരിയായി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തി നമ്മുടെ വോളിബോളിന്റെ യശ്ശസ് ലോകത്തിന്റെ നെറുകയിലെത്തിക്കാൻ രേഖക്ക് കഴിയട്ടെ എന്ന് വോളി ലൈവ് ആഗ്രഹിക്കുന്നു.....